Month: മെയ് 2023

എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?

''അയ്യോ!'' റിപ്പയർ ട്രക്ക് എന്റെ മുന്നിൽ പെട്ടെന്നു നിർത്തിയപ്പോൾ ഞാൻ അലറി.

അപ്പോഴാണ് ഞാൻ മെസ്സേജ് കണ്ടത്: ''എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?'' ഒപ്പം ഒരു ഫോൺ നമ്പറും. ഞാൻ ഫോൺ എടുത്തു ഡയൽ ചെയ്തു. ഞാൻ എന്തിനാണ് വിളിക്കുന്നതെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു, ഞാൻ എന്റെ നിരാശ പറഞ്ഞു. അവൾ ട്രക്കിന്റെ നമ്പർ എഴുതിയെടുത്തു. എന്നിട്ട് അവൾ ക്ഷീണത്തോടെ പറഞ്ഞു, ''നിങ്ങൾക്കറിയാമോ, നന്നായി ഡ്രൈവ് ചെയ്യുന്ന ഒരാളെ അറിയിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും വിളിക്കാം.''

അവളുടെ തളർന്ന വാക്കുകൾ തൽക്ഷണം എന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി. ജാള്യത എന്നെ അലട്ടി. 'നീതി'ക്കുവേണ്ടിയുള്ള തീക്ഷ്ണതയിൽ, എന്റെ രോഷം നിറഞ്ഞ സ്വരം ഈ സ്ത്രീയെ അവളുടെ പ്രയാസകരമായ ജോലിയിൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാൻ ഞാൻ ശ്രമിച്ചില്ല. എന്റെ വിശ്വാസവും ഫലപ്രാപ്തിയും തമ്മിലുള്ള ബന്ധമില്ലായ്മ-ആ നിമിഷത്തിൽ-വിനാശകരമായിരുന്നു.

നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ബോധ്യങ്ങളും തമ്മിലുള്ള വിടവാണ് യാക്കോബിന്റെ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാക്കോബ് 1:19-20-ൽ നാം വായിക്കുന്നു, ''പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല..'' പിന്നീട്, അവൻ കൂട്ടിച്ചേർക്കുന്നു, ''എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ'' (വാ. 22).

നമ്മളാരും തികഞ്ഞവരല്ല. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മുടെ 'ഡ്രൈവിംഗിന്' സഹായം ആവശ്യമാണ്, അത് ഏറ്റുപറച്ചിലിൽ തുടങ്ങുകയും നമ്മുടെ സ്വഭാവത്തിന്റെ പരുക്കൻ അരികുകൾ മിനുസപ്പെടുത്തുന്നത്് തുടരാൻ അവനെ വിശ്വസിച്ചുകൊണ്ട് ദൈവത്തോട് സഹായം ചോദിക്കുകയും ചെയ്യുന്നു.

ദൈവം കാണുന്നു, മനസ്സിലാക്കുന്നു, കരുതുന്നു

ചിലപ്പോൾ, വിട്ടുമാറാത്ത വേദനയോടും ക്ഷീണത്തോടും കൂടി ജീവിക്കുന്നത് വീട്ടിൽ ഒറ്റപ്പെടാനും ഏകാന്തതയ്ക്കും ഇടയാക്കുന്നു. ദൈവവും മറ്റുള്ളവരും കാണുന്നില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ സേവന നായയ്‌ക്കൊപ്പം അതിരാവിലെയുള്ള പ്രാർത്ഥനാ-നടത്തത്തിനിടയിൽ, ഈ വികാരങ്ങളോടു ഞാൻ പോരാടുന്നു. അകലെ ഒരു ചൂടുള്ള ബലൂൺ ഞാൻ ശ്രദ്ധിച്ചു. അതിന്റെ കൊട്ടയിലുള്ള ആളുകൾക്ക് ഞങ്ങളുടെ ശാന്തമായ അയൽപക്കത്തിന്റെ ഒരു വിഹഗ വീക്ഷണം ആസ്വദിക്കാൻ കഴിയും, പക്ഷേ അവർക്ക് എന്നെ ശരിക്കും കാണാൻ കഴിയില്ല. അയൽവാസികളുടെ വീടുകൾ കടന്ന് നടക്കുമ്പോൾ ഞാൻ നെടുവീർപ്പിട്ടു. ആ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ എത്രപേർക്ക് സ്വയം അദൃശ്യരും നിസ്സാരരുമാണെന്ന് തോന്നുന്നുണ്ടാകും? ഞാൻ എന്റെ നടത്തം പൂർത്തിയാക്കിയപ്പോൾ, എന്റെ അയൽക്കാരെ ഞാൻ കാണുന്നുവെന്നും അവരെ പരിപാലിക്കുന്നുവെന്നും അറിയിക്കാൻ എനിക്ക് അവസരങ്ങൾ നൽകണമെന്ന് ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു, അതുപോലെ ദൈവവും.

ദൈവം വാക്കിനാൽ സൃഷ്ടിച്ച നക്ഷത്രങ്ങളുടെ കൃത്യമായ എണ്ണം നിശ്ചയിച്ചു. അവൻ ഓരോ നക്ഷത്രത്തെയും ഒരു നാമം കൊണ്ട് തിരിച്ചറിഞ്ഞു (സങ്കീർത്തനം 147:4), ചെറിയ വിശദാംശങ്ങളിൽ പോലുമുള്ള അവന്റെ ശ്രദ്ധയെ കാണിക്കുന്ന ഒരു അടുപ്പമുള്ള പ്രവൃത്തിയായിരുന്നു അത്. അവന്റെ ശക്തി, ഉൾക്കാഴ്ച, വിവേചനം, അറിവ് എന്നിവയ്ക്ക് ഭൂതകാലത്തിലോ വർത്തമാനത്തിലോ ഭാവിയിലോ ''പരിധിയില്ല'' (വാ. 5).

ഓരോ നിരാശാജനകമായ നിലവിളിയും ദൈവം കേൾക്കുന്നു, ഓരോ നിശ്ശബ്ദ കണ്ണുനീരും അവൻ കാണുന്നു. ഒപ്പം സംതൃപ്തിയുടെയും ചിരിയുടെയും ശബ്ദവും അവൻ ശ്രദ്ധിക്കുന്നു. നാം ഇടറിപ്പോകുന്നതും വിജയത്തിൽ നിൽക്കുന്നതും അവൻ കാണുന്നു. നമ്മുടെ അഗാധമായ ഭയങ്ങളും നമ്മുടെ ഉള്ളിലെ ചിന്തകളും നമ്മുടെ വന്യമായ സ്വപ്‌നങ്ങളും അവൻ മനസ്സിലാക്കുന്നു. നാം എവിടെയായിരുന്നെന്നും എവിടേക്കാണ് പോകുന്നതെന്നും അവനറിയാം. നമ്മുടെ അയൽക്കാരെ കാണാനും കേൾക്കാനും സ്‌നേഹിക്കാനും ദൈവം നമ്മെ സഹായിക്കുന്നതുപോലെ, നമ്മെ കാണാനും മനസ്സിലാക്കാനും പരിപാലിക്കാനും നമുക്ക് അവനിൽ വിശ്വസിക്കാം.

മോഷ്ടിച്ച ദൈവങ്ങൾ

കൊത്തുപണികളുള്ള മരംകൊണ്ടുള്ള ഒരു വിഗ്രഹം - ഒരു ഗൃഹബിംബം - എക്കുവ എന്ന സ്ത്രീയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. അവൾ അത് അധികാരികളെ അറിയിച്ചു. വിഗ്രഹം കണ്ടെത്തിയ നിയമപാലകർ അതു തിരിച്ചറിയാൻ അവളെ വിളിച്ചു. 'ഇതാണോ നിങ്ങളുടെ ദൈവം?' അവർ ചോദിച്ചു. അവൾ സങ്കടത്തോടെ പറഞ്ഞു, 'ഇല്ല, എന്റെ ദൈവം ഇതിനെക്കാൾ വലുതും മനോഹരവുമാണ്.'

കൈകൊണ്ട് നിർമ്മിച്ച ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച് ആളുകൾ തങ്ങളുടെ ദൈവസങ്കൽപ്പത്തിന് രൂപം നൽകാൻ പണ്ടേ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം യാക്കോബിന്റെ ഭാര്യ റാഹേൽ ലാബാനിൽ നിന്ന് ഓടിപ്പോയപ്പോൾ ''തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചത്'' (ഉല്പത്തി 31:19). എന്നാൽ യാക്കോബിന്റെ പാളയത്തിൽ വിഗ്രഹങ്ങൾ മറഞ്ഞിരുന്നിട്ടും ദൈവം അവന്റെ മേൽ തന്റെ കരം വെച്ചു (വാ. 34).

പിന്നീട്, അതേ യാത്രയിൽ, യാക്കോബ് രാത്രി മുഴുവൻ 'ഒരു മനുഷ്യനുമായി' മല്ലു പിടിച്ചു (32:24). ഈ എതിരാളി വെറുമൊരു മനുഷ്യനല്ലെന്ന് അവൻ മനസ്സിലാക്കിയിരിക്കണം, കാരണം നേരം പുലർന്നപ്പോൾ യാക്കോബ് പറഞ്ഞു, 'നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല' (വാ. 26). ആ മനുഷ്യൻ അവനെ യിസ്രായേൽ എന്ന് പുനർനാമകരണം ചെയ്തു ('ദൈവം യുദ്ധം ചെയ്യുന്നു') തുടർന്ന് അവനെ അനുഗ്രഹിച്ചു (വാ. 28-29). യാക്കോബ് ആ സ്ഥലത്തിനു പെനിയേൽ ('ദൈവത്തിന്റെ മുഖം') എന്ന് പേർ വിളിച്ചു, 'ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു' (വാ. 30).

ഈ ദൈവം-ഏകസത്യ ദൈവം-ഏകുവയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത എന്തിനേക്കാളും അനന്തമായി വലുതും മനോഹരവുമാണ്. അവനെ കൊത്തിയെടുക്കാനോ മോഷ്ടിക്കാനോ മറയ്ക്കാനോ കഴികയില്ല. എങ്കിലും, ആ രാത്രി യാക്കോബ് പഠിച്ചതുപോലെ, നമുക്ക് അവനെ സമീപിക്കാം! ഈ ദൈവത്തെ 'സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവേ' എന്ന് വിളിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 6:9).

ദൈവത്താൽ അറിയപ്പെടുക

രണ്ട് സഹോദരന്മാരെ ദത്തെടുപ്പിലൂടെ വേർപെട്ട ശേഷം, ഏകദേശം ഇരുപത് വർഷത്തിന് ശേഷം അവരെ വീണ്ടും ഒന്നിപ്പിക്കാൻ ഒരു ഡിഎൻഎ പരിശോധന സഹായിച്ചു. തന്റെ സഹോദരനാണെന്ന്, താൻ വിശ്വസിച്ച വിൻസന്റിന് കീറോൺ മെസ്സേജ് അയച്ചപ്പോൾ, ആരാണ് ഈ അപരിചിതൻ? എന്നു വിൻസെന്റ് ചിന്തിച്ചു. ജനനസമയത്ത് അവന് എന്ത് പേരാണ് നൽകിയതെന്ന് കീറോൺ ചോദിച്ചപ്പോൾ, 'ടൈലർ' എന്ന് വിൻസെന്റ് മറുപടി നൽകി. ഉടനെ അവർ സഹോദരന്മാരാണെന്ന് കീറോണിനു മനസ്സിലായി. അവന്റെ പേരിലൂടെ അവനെ തിരിച്ചറിഞ്ഞു!

ഈസ്റ്റർ കഥയിൽ ഒരു പേര് ഒരു പ്രധാന പങ്ക് വഹിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുക. കഥ വികസിക്കുമ്പോൾ, മഗ്ദലന മറിയ ക്രിസ്തുവിന്റെ ശവകുടീരത്തിലേക്ക് വരുന്നു, അവന്റെ ശരീരം കാണാതായപ്പോൾ അവൾ കരയുന്നു. 'സ്ത്രീയേ, നീ കരയുന്നതു എന്തു?' യേശു ചോദിക്കുന്നു (യോഹന്നാൻ 20:15). എന്നിരുന്നാലും, 'മറിയയേ'' എന്ന് അവൻ അവളുടെ പേര് വിളിക്കുന്നതുവരെ അവൾ അവനെ തിരിച്ചറിഞ്ഞില്ല (വാ. 16).

അവൻ പറയുന്നത് കേട്ട് അവൾ ''റബ്ബൂനി'' എന്ന് അരാമ്യ ഭാഷയിൽ നിലവിളിച്ചു ('ഗുരു' എന്നർത്ഥം, വാ. 16). നമ്മുടെ ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമ്മെ ഓരോരുത്തരെയും തന്റെ മക്കളായി സ്വീകരിച്ചുകൊണ്ട് എല്ലാവർക്കുമായി മരണത്തെ കീഴടക്കി എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈസ്റ്റർ പ്രഭാതത്തിൽ യേശുവിലുള്ള വിശ്വാസികൾ അനുഭവിക്കുന്ന സന്തോഷത്തെ അവളുടെ പ്രതികരണത്തെ പ്രകടിപ്പിക്കുന്നു. അവൻ മറിയയോട് പറഞ്ഞതുപോലെ, 'എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു' (വാ. 17).

ജോർജിയയിൽ, പേരിലൂടെ വീണ്ടും ഒന്നിച്ച രണ്ടു സഹോദരന്മാർ 'ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക്' കൊണ്ടുപോകുമെന്ന് പ്രതിജ്ഞയെടുത്തു. ഈസ്റ്റർ ദിനത്തിൽ, തന്റെ സ്വന്തമായവരോടുള്ള ത്യാഗപരമായ സ്‌നേഹം നിമിത്തം ഉയിർത്തെഴുന്നേൽക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് ഇതിനകം സ്വീകരിച്ചതിന് ഞങ്ങൾ യേശുവിനെ സ്തുതിക്കുന്നു. എനിക്കും നിങ്ങൾക്കും വേണ്ടി, അവൻ ജീവിച്ചിരിക്കുന്നു!

പുറത്തേക്ക് വരിക

ആകാശം ദൈവത്തിന്റെ മഹത്ത്വത്തെ വർണിക്കുന്നു;
ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു;
പകൽ പകലിന് വാക്കു പൊഴിക്കുന്നു;
രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.
ഭൂമിയിൽ എല്ലാടവും അതിന്റെ അളവു നൂലും
ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു.
സങ്കീർത്തനങ്ങൾ 19:1-4a

സൃഷ്ടികൾ എങ്ങനെയാണ് ദൈവത്തെക്കുറിച്ച് തന്നെ പഠിപ്പിക്കുന്നത് എന്ന് ടോം സ്പ്രിങ്ങർ പറയുന്നത് കേട്ട് നമുക്കും പ്രകൃതിയെ അറിയാം. നാമും പുറത്തേക്ക് വരുമ്പോൾ ദൈവത്തെക്കുറിച്ച് എന്തെല്ലാം അറിയാൻ കഴിയും എന്ന് ഈ പേജുകളിലൂടെ അദ്ദേഹം പറയുന്നത്.

മുഖവുര

വിശുദ്ധിക്കായുള്ള സൃഷ്ടിയുടെ ആഹ്വാനം

നിക്ക് 8 വയസ്സുള്ളപ്പോൾ, ഞങ്ങളുടെ…

സത്യാന്വേഷികൾ

തന്റെ സഭയെ തകർക്കുന്ന ഒരു അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഒരിക്കൽ ഒരു സ്ത്രീ എന്നോട് പറഞ്ഞു. 'എന്തിനെക്കുറിച്ചാണ് വിയോജിപ്പ്?' ഞാൻ ചോദിച്ചു. 'ഭൂമി പരന്നതാണോ എന്നതിനെക്കുറിച്ച്,' അവൾ പറഞ്ഞു. ഏതാനും മാസങ്ങൾക്കുശേഷം, ഒരു റസ്റ്റോറന്റിന്റെ പിൻമുറിയിൽ കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയിച്ച് കുട്ടികളെ രക്ഷിക്കാൻ ആയുധധാരിയായി അതിക്രമിച്ചുകയറിയ ഒരു ക്രിസ്ത്യാനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നു. അവിടെ അങ്ങനെ ഒരു മുറിയുണ്ടായിരുന്നില്ല, അയാളെ അറസ്റ്റ് ചെയ്തു. രണ്ട് സാഹചര്യങ്ങളിലും, ഉൾപ്പെട്ട ആളുകൾ ഇന്റർനെറ്റിൽ വായിച്ച ഗൂഢാലോചന സിദ്ധാന്തങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയായിരുന്നു.

യേശുവിൽ വിശ്വസിക്കുന്നവർ നല്ല പൗരന്മാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു (റോമർ 13:1-7), നല്ല പൗരന്മാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നില്ല. ലൂക്കൊസിന്റെ കാലത്ത്, യേശുവിനെക്കുറിച്ച് ധാരാളം കഥകൾ പ്രചരിച്ചിരുന്നു (ലൂക്കൊസ് 1:1), അവയിൽ ചിലത് കൃത്യമല്ല. താൻ കേട്ടതെല്ലാം കൈമാറുന്നതിനുപകരം, ലൂക്കെസ് അടിസ്ഥാനപരമായി ഒരു അന്വേഷണാത്മക പത്രപ്രവർത്തകനായി മാറി, ദൃക്‌സാക്ഷികളോട് സംസാരിക്കുകയും (വാ. 2), 'ആദിമുതൽ സകലവും' (വാ. 3) ഗവേഷണം ചെയ്യുകയും തന്റെ കണ്ടെത്തലുകൾ പേരുകളും ഉദ്ധരണികളും അടങ്ങുന്ന ഒരു സുവിശേഷത്തിൽ എഴുതുകയും ചെയ്തു. സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളല്ല, നേരിട്ട് അറിവുള്ള ആളുകളെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ വസ്തുതകളായിരുന്നു അവ.

നമുക്കും അങ്ങനെ ചെയ്യാം. തെറ്റായ വിവരങ്ങൾ സഭകളെ പിളർത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ, വസ്തുതകൾ പരിശോധിക്കുന്നത് നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുന്നതിനുള്ള ഒരു പ്രവൃത്തിയാണ് (10:27). വികാരമിളക്കുന്ന ഒരു കഥ നാം കേൾക്കുമ്പോൾ, തെറ്റ് പ്രചരിപ്പിക്കുന്നവരായിട്ടല്ല സത്യാന്വേഷികൾ എന്ന നിലയിൽ നമുക്ക് അതിന്റെ അവകാശവാദങ്ങൾ യോഗ്യതയുള്ള, ഉത്തരവാദിത്തമുള്ള വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കാം. അത്തരമൊരു പ്രവൃത്തി സുവിശേഷത്തിന് വിശ്വാസ്യത കൊണ്ടുവരുന്നു. എല്ലാറ്റിനുമുപരി, നാം സത്യത്താൽ നിറഞ്ഞവനെയാണല്ലോ ആരാധിക്കുന്നത് (യോഹന്നാൻ 1:14).